07:36pm 24 October 2026
NEWS
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു
26/01/2025  10:25 AM IST
nila
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.50നായിരുന്നു അന്ത്യം. ചെന്നൈയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1991ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ബെംഗളൂരുവിൽ എത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സെലിൻ ചെറിയാൻ. മക്കൾ: സന്ധ്യ ചെറിയാൻ, ഡോ. സഞ്ജയ് ചെറിയാൻ.

1942ൽ കായംകുളത്ത് ജനിച്ച കെ.എം. ചെറിയാൻ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.  രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. 

വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ, ഇന്ത്യയിൽ നിന്നുള്ള ആദ്യ അംഗവുമായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജന്റെ സെക്രട്ടറിയും പ്രസിഡൻ്റും, പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്, ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോ, മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റ് ആൻ ഇൻസ്ട്രുമെന്റ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img